എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, December 22, 2012








ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ  

ഞാന്‍ പേര് കേട്ടപ്പോള്‍  വിചാരിച്ചത്‌ എന്താണ്  അപ്പോഴല്ലേ എന്‍റെ  ഈ മണ്ടന്‍  തലയില്‍ വെളിവുണ്ടാകുന്നത് അവിടെ എത്തിയപ്പോള്‍  കേള്‍ക്കുന്നത് നല്ല ഈണത്തില്‍ കുട്ടികളും അവരുടെ കൂടെ തന്നെ ഇരിക്കുന്ന മാതാപിതാക്കളും കൂടി ചൊല്ലുന്നു 

നാരങ്ങ പ്പാല്... 
ചൂട്ടക്ക് രണ്ട്..
ഇലകള്‍ പച്ച... 
പൂക്കള്‍ മഞ്ഞ.. 
ഓടി വരുന്ന... 
ചാടി വരുന്ന
കൂട്ടത്തില്‍ കള്ളനെ.. പിടിച്ചേ







പിന്നീട് ആദിയും അന്തവുമില്ലാത്ത,ഇരുളും വെളിച്ചവുമില്ലാത്ത അര്‍ഥങ്ങള്‍ മനസ്സിലാക്കി ഐഡിയല്‍ സ്കൂളിലെ  സുദര്‍ശനന്‍  മാസ്റ്റര്‍ നാടന്‍ പാട്ടുകള്‍ നല്ല താളത്തോടെ ചൊല്ലിയപ്പോള്‍ കുഞ്ഞു പൂമ്പാറ്റകളേക്കാളും ആസ്വദിച്ചത് അവിടെ കൂടി ഇരുന്ന മാതാപിതാക്കളാണ് തെയ്യരയ്യം... തെയ്യരയ്യം.... എന്ന് ഏറ്റുചൊല്ലുമ്പോള്‍ അവരുടെ മുഖങ്ങളില്ലെല്ലാം കുട്ടിത്തം കളിയാടി .പിന്നീടങ്ങോട്ട് നാടന്‍ പാട്ടിന്‍റെ ഒരു ആവേശത്തിമിര്‍പ്പായിരുന്നു,ആ താളത്തില്‍ നിന്ന് ആവേശം പൂണ്ട പൂമ്പാറ്റകള്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ തുടങ്ങി. അവരുടെ ഭാവനകള്‍ക്ക് ചിറകു മുളച്ചു.
ഉന്നതങ്ങളിലെത്തിയ ഭാവനകള്‍ കൊച്ചു കൊച്ചു കവിതകളായി പെയ്തിറങ്ങിയത് ഞങ്ങള്‍ കൌതുകത്തോടെ നോക്കി നിന്നു.വാല്‍മീകത്തിന്‍റെ  തോട് പൊട്ടിച്ച ഇതിഹാസിക പുരാണങ്ങളിലൂടെ സഞ്ചരിച്ച് യാത്ര പ്രകൃതി രമണീയമായ കൊച്ചു കേരളത്തില്‍ വന്നെത്തി.കൊച്ചു കുഞ്ഞിന്‍റെ  നിഷ്കളങ്കതയും പൂമ്പാറ്റയുടെ മനോഹാരിതയും ആശയ സൌകുമാരികവും കൊണ്ട് അനശ്വരമാക്കപെട്ടമഹാകവി കുഞ്ഞുണ്ണി മാഷിന്‍റെ കുട്ടികവിതകളിലെ വലിയ ആശയങ്ങള്‍ "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളര്‍ന്നവന്‍ വിളയും വായിക്കാതെ വളര്‍ന്നവന്‍ വളയും" കുഞ്ഞു മനസ്സിലേക്ക് എറിഞ്ഞു കൊടുത്തും സാകൂതം തുടരുന്ന യാത്ര.....


കാട്ടിലെ മഴയുടെ താളം നമ്മുടെ മനസ്സിലും പെഴ്തു കൊണ്ടിരിക്കുമ്പോള്‍  മരുഭൂമിയിലെ പ്രതീക്ഷയെ പറ്റി ഒരു പൂമ്പാറ്റ മൂളി പറഞ്ഞപ്പോള്‍  മരണമെന്ന സത്യത്തെ കുറിച്ചുള്ള ഓര്‍മപെടുത്തലായി മറ്റൊരു കുഞ്ഞു ശലഭം ഞങ്ങള്‍ക്ക് മുന്നില്‍ പാറി നടന്നു അക്ഷരമാലയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന ഗുരുനാഥന്‍റെ  ഓര്‍മകളായി പിറന്ന കവിതയ്ക്ക് ആങ്കലേയഭാക്ഷയുടെ അകമ്പടിയുണ്ടെങ്കിലും അതിലും നിറഞ്ഞു നിന്നത് സ്നേഹമെന്ന വികാരമായിരുന്നു"മഴയെ തേടി ഞാന്‍ പോയതല്ല മഴ എന്നെ തേടി വന്നതാ എന്നാലും മഴയത്ത് കളിക്കാനിനിക്കിഷ്ട്ടമാ" എന്ന നിഷ്കളങ്കതയുമായി ഒരു ഒന്നാം ക്ലാസുകാരന്‍ അതിനിടയിലും ചങ്ങമ്പുഴ കവിതകള്‍  പോലെ ഉള്ള കവിത എഴുതിയ സദസിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി പലപ്പോഴും അറിയാതെ ചിന്തിച്ചു പോയി ഈ കുഞ്ഞു മനസ്സുകളില്‍ ഇത്രയും ഭാവനകള്‍ വിരിയാന്‍ മാത്രം അനുഭവം ഉണ്ടോ? സലാം മാഷും ഇസ്മായില്‍ മേലടിയും മാധവി കുട്ടിയും പറഞ്ഞത്‌ പോലെ ഈ കുഞ്ഞു കവികള്‍ക്ക് വലിയ ഒരു ലോകമുണ്ട് അവര്‍ക്ക് മുന്നില്‍ വലിയൊരു സാഹിത്യ ലോകത്തിന്‍റെ ജാലകം തുറന്നു കിടക്കുന്നുണ്ട്  അവരുടെ മനസിലും അത് വളര്‍ന്നു നാളെയുടെ വാക്താനമായി ലോകമറിയപെടുന്ന എഴുത്തുകാരനും എഴുത്തുകാരിയുമായി തീരണമെന്ന പ്രാര്‍ത്ഥനയോടെ  ഞാന്‍ അവരുടെ ഭാവനകള്‍ക്കും സൃഷ്ട്ടികള്‍ക്കും മുന്നില്‍ ശിരസു നമിക്കുന്നു 
അവിടെ നാസര്‍ മാസ്റ്റര്‍ പറഞ്ഞത്‌ പോലെ കുട്ടികളെ നാട്ടില്‍ പോകുമ്പോള്‍ കുറെ യാത്രകള്‍ കൊണ്ട് പോവുക, മഴയിലും ചെളിയിലും കളിക്കാന്‍ അനുവദിക്കുക  അവരുടെ മനസ്സിലെ ഭാവനകള്‍ കൂടുതല്‍ വിടരട്ടെ ,ഈ പ്രോഗ്രാമിന്‍റെ  സംഘാടകര്‍ക്ക് എന്‍റെ  മനം തുറന്നുള്ള അഭിന്ദങ്ങള്‍ അറിയിക്കട്ടെ .അവസാനം വീണ്ടും സുനിലിന്‍റെ ഇലകള്‍ പച്ച എന്ന പാട്ടു പാടി പിരിയുമ്പോള്‍  ഈ ഒരു വൈകുന്നേരത്തിനു സമയം തീരെ ഇല്ലാതിരുന്നത് പോലെ അവിടം വിട്ടു പോകാന്‍ മനസ്സ് അനുവതിക്കാതെ  ഒരു വലിയ മഴക്കാര്  മനസ്സില്‍ തങ്ങി നിന്ന് കൊണ്ട് ഓര്‍മ്മയുടെ മഴ തുള്ളി കിലുക്കം  മനസ്സില്‍ ബാക്കി വെച്ച് കൊണ്ട് ഒരു മടക്കം മനമില്ലാ മനസ്സോടെ....