എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, November 12, 2017




ഭാഗം 2 രണ്ട് യാത്രയുടെ തുടക്കം...

ഞാൻ ആദ്യമായി പ്ലെയിൻ യാത്ര ചെയ്തത് മാത്രമല്ലേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളൂ ,ഖത്തറിലെ കാണാകാഴ്ച്ചകൾ പറയുന്നതിന് മുമ്പ് .. ഒന്ന്നിന്നേ ഒരു കാര്യം പറയാം ഞാനാരാ ഞാനെവിടുന്നു വരുന്നു എന്നും കൂടി പറയട്ടെ .എന്റെ പേർ ഐഡിയിൽ ഉള്ളത് തന്നെയാണ് . അന്നൊരു മാർച്ച് മാസം വൈകിട്ട് 5: 20 സമയത്താണ് ഈ ലോകത്തേക്ക് ഉള്ള എന്റെ യാത്ര അവിടെ നിന്നു തുടങ്ങാം മീത്തൽ മഠത്തിൽ കുഞ്ഞബുള്ള ഹാജിയുടെയും കണ്ടോത്ത് മീത്തൽ ഉപ്പെണ്ണ ജ്ജുമ്മയുടെയും അഞ്ച് മക്കളിൽ മദ്ധ്യത്തിൽ ജെന്മം കൊണ്ടവൾ .. അത് കൊണ്ട് ഞാനെപ്പഴും വെള്ളത്തിലാണ് എന്ന് കരുതിയിട്ടുണ്ടെങ്കിൽ തെറ്റി..മുത്ത രണ്ട് ഇക്കാക്കമാരുടെ കുസൃതി കാരിയായ പുന്നാര അനുജത്തി .ഇളയ സഹോദരിമാർക്ക് വാശിക്കാരിയായ ജേഷ്ടത്തി. കുഞ്ഞുനാളിലെന്റ യാത്ര ഉമ്മാന്റെ വീടായ ചീക്കോന്നുമ്മൽ അതാണ് വലിയ യാത്ര അതും ആറുമാസം കൂടുമ്പോൾ മൂന്ന് ദിവസം ,അല്ലെങ്കിൽ എന്റെ അമ്മാവനായ പക്രൻ ഇക്ക ഖത്തറിൽ നിന്നും വന്നാൽ പോകും പെട്ടി പൊളിക്കാൻ വേണ്ടി ഉമ്മ മുത്തപെങ്ങൾ അന്നും കണ്ടോത്ത് കുനിയിലെ സ്രാമ്പികുളത്തിൽ എന്നെ നീന്തിച്ചതിനു പക്രൻ ഇക്കാ നോട് ആരോ ചൂടാവുന്നത് ഞാൻ കേട്ടിരുന്നു. നല്ല പളാപളാ മിന്നുന്ന സൽവാർ കമ്മീസ് കിട്ടിയത് ഓർമ്മയുണ്ട് അത് ഇട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലം "അടിയെന്നടീ റക്കമ്മ " എന്ന പാട്ട് ഞാനും k.c അഷ്റഫും കൂടി ഡിസ്ക്കോ ഡാൻസ് മദ്രസ്സയിൽ വച്ചു കളിച്ചതിനു കൂട്ടുകാർ കളിയാക്കിയിരുന്നു പക്ഷേ അന്നെനിക്ക് ദേഷ്യമോ നാണമോ തോന്നിയില്ല . അഷ്റഫിന് 7 ക്ലാസ്സ് എത്തിയപ്പോൾ കുട്ടികൾ പേർ ചേർത്ത് പറയുമ്പോൾ നാണം വന്ന് തുടങ്ങി അപ്പോഴേക്കും അവൻ ഹൈസ്കൂളിലേക്ക് പോയി.പിന്നീട് ഞാൻ അവനെ അടുത്ത് വെച്ച് കണ്ടത് 1999 ലെ ഉമ്ര ക്ക് ഇടയിലാണ്. ഉപ്പാന്റെ കൂടെ കോഴിക്കോടിനു ഞാനും എന്റെ ഇഖ്ബാൽക്കയും കൂടി ഒരു യാത്രയുണ്ട് നല്ല രസമാണ് ,നമ്മൾ വണ്ടിയിലിരുന്നാൽ പുറത്തെ കാഴ്ചകൾ നമ്മളെക്കാളും വേഗത്തിൽ പിന്നോട്ട് ഓടുന്ന കാഴ്ച നല്ല രസമാണ്. കോഴിക്കോട് എത്തിയാൽ ബസ്റ്റാൻഡിലെ പൊടിപടലത്തോട് കൂടിയ കരിമ്പ് ജൂസ് കുടിച്ച് ഉപ്പാനെ കാണിക്കുന്ന അംബുജാക്ഷൻ ഡോക്ടറെ അടുത്തേക്ക് അത് കഴിഞ്ഞ് ,ഞങ്ങൾക്ക് ഇഷ്ടപെട്ട മുട്ടയൊളിച്ചു നിൽക്കുന്ന ചിക്കൻ ബിരിയാണി തിന്നാൻ ട്ടോപ്പ് ഫോം ഹോട്ടലിലേക്ക് .ചിലപ്പോൾ രുചി റസ്റ്റോറന്റിലെ പായ മടക്കി വെച്ചത് പോലെയുള്ള നെയ്റോസ്റ്റ് ദോശ ഹോട്ടലിന്റെ പേർ പോലെ നല്ല രുചിയായിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ നിന്നുമാണ് ഒറ്റക്കൊരു വിനോദയാത്ര പോയത് വീടിന്റെ പരിസര പ്രദേശമായ പെരുവണ്ണാമൂഴി ഡാമിലേക്ക് ആയിരുന്നു എന്റെ വിനോദയാത്ര പോയത്. രാവിലെ ഉമ്മ പശുവിൻ നെയ്യിൽ ഉണ്ടാക്കിയ നെയ്ച്ചോറ് വായ ഇലയിൽ തേങ്ങാ ചമ്മന്തി ചേർത്തുണ്ടാക്കിയ മുട്ട പൊരിച്ചത് വെച്ച് പൊതിഞ്ഞു തന്നു  "ഹോ എന്തു മണമായിരുന്നു  രുചി രുചി പറയുകയും വേണ്ട "  നീല പാവാടയും വെള്ളകുപ്പായവും ഇട്ട് രണ്ട് സൈഡിലും റോസ് റിബൺ കൊണ്ട് കെട്ടിവെച്ച് കാലിൽ റബർ ചെരുപ്പിട്ട് വരിയിൽ നടന്നു. മുണ്ടക്കുറ്റിയിൽ എത്തിയപ്പോൾ ശങ്കരൻ മാസ്റ്ററുടെ വീട്ടിൽ മുന്നിൽ നിന്നും ഉള്ളിയിട്ട് പഞ്ചാര വെള്ളം കുടിച്ച് .വരിവരിയായി നിന്ന് ശർക്കര ഇട്ട് കുഴച്ച അവിൽ ഒരു കടലാസിൽ പൊതിഞ്ഞത് കൂടി ബേഗിൽ വച്ച് .മുന്നിൽ കുഞ്ഞാലി മാഷ്,രാജേന്ദ്രൻ മാഷ് ,പത്മിനി ടീച്ചർ ,ഹിന്ദിട്ടീച്ചർ, ദാമോദരൻ മാഷും ,കൂടി നടന്ന് പ്രകൃതി ഭംഗി ആസ്വദിച്ച് ജാനകി കാടിന്റെ നടുവിലെ മൺപാതകൾ ഞങ്ങൾ പിന്നിലാക്കി പുഴയോരത്ത് എത്തുമ്പോൾ പതിനൊന്ന് മണി ആയി കാണും ,പാതി വഴിയിൽ നിന്നും കിട്ടിയ അവിൽ പൊതികൾ അഴിച്ചു എല്ലാവരും കുഞ്ഞു വയറുകൾ നിറച്ചു. .വെള്ളാരം കല്ലുകളെ തഴുകി പൊട്ടിച്ചിരിക്കുന്ന ആ വജ്ര തുള്ളികൾ മുഖത്ത് പതിഞ്ഞപ്പോൾ കിലേ മീറ്ററുകൾ നടന്ന ക്ഷീണമകന്നു. വീണ്ടുമാ പുഴയോരത്ത് കൂടി പാട്ട് പാടിയും കടംകഥ പറഞ്ഞും കുട്ടി പട്ടാളം നടന്നു അടുത്ത പഞ്ചായത്തായ പന്തിരക്കര എത്തി ,എന്നെ പോലെ ചില കുട്ടികൾക്ക് മുഴുത്ത തുടകൾ തമ്മിലുരസി തൊലി പോകുന്നുണ്ടോ എന്ന് ചെറിയ സംശയം ,"ഹേയ് "എനിക്ക് തോനിയതാണ് കേട്ടോ? സ്വന്തം കട്ടെടുക്കുമ്പോഴാണ് മറ്റുള്ളവരും കള്ളൻമാരാണോ എന്ന സംശംയം തോന്നുക അത് പോലെ തോന്നിയതാണ് .. സമയം ഒരുമണിയൊക്കെ കഴിഞ്ഞു കാണും പെരുവണ്ണാമൂഴിക്കടുത്ത് തന്നെ എത്തി. എല്ലാവരും വീട്ടിൽ നിന്നും കൊണ്ട് വന്ന പൊതികൾ ഒരോരുത്തരായി തുറന്നു. മാതൃഭൂമി പേപ്പറിനുള്ളിൽ വാഴ ഇലയിൽ പൊതിഞ്ഞ നെയ്ച്ചോറിന്റെ മണം എന്നെക്കാളും ആസ്വദിച്ചത് എന്റെ അടുത്തിരുന്ന റംലയായിരുന്നു ,അവളെന്റെ കൂടെ ഇന്നില്ലങ്കിലും രണ്ടു പേരും കൂടി പരസ്പരം കൈമാറി തിന്ന ആ ചോറിന്റെ മണം മൂക്കിൻ തുമ്പത്ത് ഉണ്ടെന്ന് തോന്നുന്നു. .അൽപ്പം വിശ്രമം കഴിഞ്ഞു നടക്കാൻ നിൽക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന പാറ കല്ലിൽ തട്ടി കാലിന്റെ തള്ള വിരലിൽ തൊപ്പിയിട്ടത് .അതിനു വർക്കി മാഷുടെ അഭിപ്രായപ്രകാരം പത്മിനി ടീച്ചറാണോ ,മാതു ട്ടീച്ചറോ എന്നറിയില്ല എന്തോ പച്ചില ചതച്ചു കാലിൽ വയ്ച്ചു തന്നു . പെരുണ്ണാമുഴി എത്തി പൂന്തോട്ടവും ,മുതല വളർത്തു കേന്ദ്രവും കണ്ടു ,ഇടക്ക് വരി തെറ്റി നടക്കുമ്പോൾ ചുവന്ന തുടുത്ത മുഖത്തെ കൊമ്പൻ മീശ ശങ്കരൻ മാഷ് വിറപ്പിക്കുന്നുണ്ടായിരുന്നു. ആൺ കുട്ടികളുടെ ലൈനിൽ നിന്നും ,പേര് ഇവിടെ പറയുന്നില്ല ,അവരെല്ലാം ലൈനായി നടക്കുന്ന പെൺകുട്ടികളെ ലൈനാക്കാൻ കിട്ടുമോ എന്ന് ഇടക്ക് ഇടം കണ്ണാലേ നോക്കുന്നത് ഏൽ പി സ്കൂളിലെ കുട്ടികളായ ഞങ്ങളും കാണുന്നുണ്ടായിരുന്നു. തിരിച്ചു കുറ്റ്യാടിക്ക് മൂഴിയിൽ നിന്നും ബസ് കയറുമ്പോൾ 25 പൈസക്ക് മധുര നാരങ്ങ മുറിച്ച് മുളക് പുരട്ടി ഉപ്പ് ചേർത്തത് വാങ്ങി തിന്നാനും മറന്നില്ല
. ( നോക്കട്ടെ തുടരാം )

No comments:

Post a Comment