എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Thursday, January 5, 2017

എന്‍റെ യാത്രകള്‍  ഒന്നാം ഭാഗം ...തണുത്ത രാത്രി യുടെ ഓര്‍മ്മകള്‍ യാ  തുടരുന്നു .......1986 ഡിസംബർ 6 നു വൈകിട്ട് ബോബെയിൽ നിന്നും എയർഇന്ത്യാ വിമാനത്തിൽ കുനിങ്ങാട് സ്വദേശി കേളോത്ത് അബ്ദുറഹ്മാൻക്ക യുടെ കൂടെ പ്ലയിൻ യാത്ര പരിചയമില്ലാത്ത ഞാനും ,രയരോത്ത് സൂറച്ചയും ഖത്തറിലേക്ക് യാത്ര തിരിച്ചു .. ആ നാലു മണിക്കൂർ യാത്രയിൽ ആദ്യമായി വീട്ടുകാരെ വിട്ടുനിൽക്കുന്നതിന്റെ സങ്കടം മനസ്സിൽ തിരതല്ലുന്നുണ്ടെങ്കിലും ,ഗൾഫ് എന്താണ് എന്ന് നേരിൽ കാണാൻ പോകുകയാണ് .ഭർത്താവിന്റെ ഉമ്മ വിസിറ്റിംവന്നു തിരിച്ചു വന്നപ്പോൾ കക്കൂസിൽ പോയാൽ അവിടെ കൈ കഴുകി തുടക്കാൻ വെള്ളകട്ടി കുറഞ്ഞ പേപ്പർ (ട്ടിഷ്യൂ ) പാർട്ടിയുണ്ടാകുമ്പോൾ ഭക്ഷണം കഴിച്ചാൽ പ്ലൈറ്റ് ഗ്ലാസ്സ് പ്ലാസ്റ്റിക്ക് കവറിലാക്കി കളയുന്നതിനെ പറ്റിയും എല്ലാം പറഞ്ഞു തന്നിരുന്നു അതെല്ലാം ഞാനും കാണാൻ പോകുന്നു എന്ന സന്തോഷങ്ങൾ വേറെ . രണ്ടര വർഷത്തിൽ രണ്ട് പ്രാവിശ്യമായി നിന്ന മൂന്ന് മാസം മാത്രം പരിചയമുള്ള പ്രിയതമനെ നേരിട്ട് കാണാൻ പോകുകയാണ് .ഓർക്കുമ്പോൾ നാണംകൊണ്ട് കവിൾ തുടുക്കുന്നത് ഫ്ലൈറ്റിലെ മറ്റാരും കാണാതിരിക്കാൻ എയർ ഇന്ത്യയുടെ ഷാൾ കൊണ്ട് തലയടക്കം മൂടി പുതച്ചു , കണ്ണിലെ പ്രണയ രാഗം ആരും കട്ടെടുക്കരുത് എന്ന വാശി പോലെ വിമാനത്തിന്റെ വിൻഡോയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. .. ഖത്തറിലെത്താനായപ്പോൾ സീറ്റ് ബെൽറ്റ് ഇടാനുള്ള മുന്നറിയിപ്പ് തന്നു ,ഹൃദയം പൂരപറമ്പിലെ താളമേളങ്ങൾ പോലെ കൊട്ടാൻ തുടങ്ങി ,എന്തായിരിക്കും എന്നോട് ചോദിക്കുക ,ഞാനെന്താ പറയുക ? കണ്ടാൽ ഫസ്റ്റ് സെലാം ചെല്ലുമ്പോൾ കൈ പിടിക്കുമോ ? അമ്മായിയും കരീംക്കയും പക്രൻ ഇക്കയും ഉള്ളപ്പോഴെങ്ങാനും എയർപോർട്ടിൽ വച്ചെന്നെ കയ്യിൻ പിടിക്കുമോ ?ശ്ശോ നാണം കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി ," ഏത് ബാഗായിരുന്നു എന്ന അബ്ദുറഹ്മാൻക്കാന്റെ ചോദ്യമെന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഓർമ്മപെടുത്തി .ഹാൻഡ്ബേഗ് എടുത്ത് അവരുടെ കൂടെ ഇറങ്ങി കോണി പടികളിൽ നിന്നും ബസ് കയറുമ്പോൾ ഞങ്ങൾക്ക് കുട പിടിച്ചു തരുന്നുണ്ടായിരുന്നു അത്രക്ക് കോരിച്ചൊരിയുന്ന മഴ .ഒരു പക്ഷേ മഴയെ പ്രണയിക്കുന്ന എനിക്ക് ഈ പുതിയ നാട്ടിലേക്ക് സ്വീകരിച്ചിരുത്താൻ പ്രകൃതിക്ക് പോലും സന്തോഷ കണ്ണീരു പോലെ മഴ പെയ്തു കൊണ്ടിരുന്നു. ഞാനവരുടെ കൂടെ എമിഗ്രഷനും കടന്നു കറങ്ങി വരുന്ന ബെൽറ്റിൽ നിന്നും എന്റെ പേർ എഴുതിയ ലഗേജ് തിരയുകയാണ് ."റബ്ബേ അതിൽ എന്റെ ഉമ്മ പുതിയാപ്ലക്ക് കൊടുത്തയച്ച കോഴിയട ,മസ്കത്ത് ഹലുവ ,ചുക്കപ്പം ,കശൂറ പ്പം ,പശുവിൻ നെയ്യ് ,തേൻ ,കൂടെ കുറെ ഹലുവ.ചിപ്സും വേറെയും ,കൂവ്വ പൊടി അടിയിൽ വെച്ച് പൊടിയരി മേലെ വെച്ച് കെട്ടിയ ഒരു പൊതി വേറെ തന്നെയുണ്ട് ആ ബേഗിന്റ അടിയിൽ ,തുറമാങ്ങയും അച്ചാറുകളും വേറെ തന്നെ മാറ്റി വച്ചത് അതെല്ലാം ഈ മഴയത്ത് നനഞ്ഞു കാണുമോ ? എല്ലാ ബേഗുകളും എടുത്ത് ഇടുമ്പോൾ എന്റെ ലെഗേജ് എടുക്കാൻ അവരോട് മറന്ന് കാണുമോ ? " ഷാഹിദാ നിന്റെ ലഗേജല്ലേ അത് എന്ന് സൂറച്ച ചോദിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.എല്ലാ സാദനങ്ങളും ഒരു ട്രോളിയിൽ കെട്ടി നിറച്ച് പോർട്ടർ പുറത്തേക്ക് നീങ്ങി ,തണുത്ത മഴ പെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല കാലുകൾക്ക് വിറയൽ ,ഒന്നിനും രണ്ടിനും പോകണമെന്ന ശങ്ക! എല്ലാവരുടെയും പിന്നിൽ ഒളിഞ്ഞ് നടത്തം ,അപ്പോഴേക്കും പുറത്ത് എത്തി എല്ലാവരും പുറത്ത് കാത്തിരിക്കുന്നു. കരീംക്ക ,അമ്മായി, മജീദ്ക്ക.നൂർ, പക്രൽ ഇക്ക ,T .k അബ്ദുള്ളക്ക , അബ്ദുള്ളക്ക ഇല്ലാട്ടുമ്മൽ ,സഫിയത്ത, അങ്ങിനെ കുറെ പേരുണ്ട് ,പക്ഷേ കടുവാ കണ്ണുകളാൽ ഞാൻ ഒപ്പിയെടുക്കാൻ ചെയ്യുന്ന മുഖവും കണ്ണുകളും അവിടെ ഇല്ലാ .. അമ്മായിടെ കയ്യിൽ നിന്നും സമീമോളെ വാങ്ങി കളിപ്പിക്കുന്ന സൂത്രത്തിൽ നാലുഭാഗത്തും നോക്കി കണ്ടില്ല എന്ത് പറ്റീ എന്ന് ആരോടും ചോദിക്കാനും പറ്റില്ല നാണകേടല്ലേ ?എന്റെ കണ്ണിലെ ആതി കണ്ടിട്ടാണോ അറിയില്ല സുലൈഖ അമ്മായി പറഞ്ഞു ,ജെലീൽ ക്കാക്ക് വരാൻ പറ്റില്ലത്ര കടയിൽ ഭയങ്കര തിരക്കാണ് .. ഇപ്പോൾ ജാബർ സൂക്ക് മുഴുവനും വെള്ള കയറാനും തുടങ്ങി എന്നാണ് പറഞ്ഞത് .നമ്മൾ വീട്ടിലെത്തുമ്പോഴേക്കും വീട്ടീലോട്ട് വരാം എന്നാണ് പറഞ്ഞത് ,ഞങ്ങൾ വണ്ടിയിൽ എയർപോർട്ടിൽ നിന്നും ഷാരാ കഹ്റബയിലെ അൽ ഫക്കീർ ഷോപ്പിന്റെ മുകളിലെ പ്ലാറ്റിലേക്ക് കോരിച്ചൊരിയുന്ന മഴയത്ത് വഴിയോരക്കാഴ്ചകൾ മഴതുള്ളികൾ കൊണ്ട് കാറിന്റെ ഗ്ലാസുകൾ മറച്ചിരിക്കുന്നു. സോഫിറ്റൽ ഹോട്ടലിന്റെ അരികിലായി വണ്ടി പാർക്ക് ചെയ്തപ്പോൾ ആകാശസമുച്ചയത്തിലേക്ക് വളർന്നു പോകുന്ന സോഫിറ്റൽ ഹോട്ടൽ കണ്ട് ആശ്ചര്യം തോന്നി .ഇത്രയും വലിയ ബിൽഡിം ആദ്യമായിട്ട് കാണുകയാണ്.കൂടുതൽ സമയം അവിടെ നിൽക്കാൻ പറ്റിയില്ല എല്ലാവരുടെയും കൂടെ അൽ ഫക്കീർ സ്റ്റോറിന്റെ മുകളിലെ മൂന്നാമത്തെ നിലയിലേക്ക് കോണി പട്ടികൾ കയറുമ്പോഴും ഇടം കണ്ണാലേ ചുറ്റും പരതുന്നുണ്ടായിരുന്നു. വീടിന്റെ ഡോർ തുറന്ന് വച്ചത് അലിക്കയാണോ? KK ഇബ്രായിക്കയാണോ എന്നറി'യlല്ല ,കുന്നുമ്മൽ ജെമീലത്ത അടുത്ത ഡോറിന്റെ അടുത്ത് നിന്നും നോക്കുന്നത് കണ്ടിട്ട് ഞാൻ വിജാരിച്ചു വല്ല ഈജിപ്തൻ സ്ത്രീയും കുഞ്ഞുമായിരിക്കും .കാരണം വെളുത്ത് തുടുത്ത് കവിളും വജ്ര കണ്ണുകളുമായിരുന്നു ഇത്താക് ,ഇത്താന്റെ മകൻ നസീഫ് മാഷാ അള്ളാ നീല കണ്ണുള്ള ഫലസ്തീൻ കുട്ടികളെ ഓർമ്മിക്കുന്നത് പോലെ ,നമ്മൾ ചിത്രങ്ങളിൽ കാണുന്നത് പോലെ ഒരു കുഞ്ഞ് ,ഞാനൊന്ന് ചിരിച്ചപ്പോൾ ഭയം കൊണ്ടോ പരിചയമില്ലാത്തത് കൊണ്ടോ അവരുടെ വീടിന്റെ വാതിൽ തുറന് അകത്തേക് ഓടി ,അവരുടെ കൈയിൽ ഒരു ഏഴ് മാസം പ്രായമുള്ള ഇൻസാഫ് മോൻ ഇരുണ്ട കളറാണെങ്കിലും നല്ല ഭംഗിയുള്ള കുടുകുടാ ചിരിക്കുന്ന പൊന്നുമോൻ .അകത്തേക്ക് കയറുമ്പോൾ പൂക്കാക്ക ഉണ്ടാക്കിയ ചിക്കൻ കറി എന്റെ വിശപ്പിനെ ഉണർത്തുണ്ടെങ്കിലും ,ക്ഷമ പാലിച്ചല്ലേ പറ്റൂ ,റൂമിൽ നാട്ടുകാരും കുടുംബകാരുമായി ഒരു പാട് പേരുണ്ട്...നല്ല ഓറഞ്ച് നിറമുള്ള മധുരമാർന്ന തണുത്ത വെള്ളം രണ്ട് ഗ്ലാസ് കുടിച്ചപ്പോൾ എന്റെ എല്ലാ ക്ഷീണവും മകന്നു. അമ്മായി ഞങ്ങൾക്കായുള്ള മുറികാട്ടി തന്നു ,ഇടക്കിടക്ക് കോളിം ബെല്ലടിക്കുന്നുണ്ട് .അന്നൊക്കെ നാട്ടിൽ നിന്നും ഒരാൾ വരുന്നുണ്ടെങ്കിൽ അവരുടെ ലഗേജിൽ അഞ്ചാറ് കിലോ പലരുടെയും മണിയറ രഹസ്യങ്ങളും, പരാതികളും പരുവട്ടങ്ങളും നെടുവീർപ്പുകളും ,ഒരുപാട് കണ്ണീർ ചുംബനങ്ങളും നിറഞ്ഞ വലിയ കത്തുകൾ ഉണ്ടാകും .അവർക്കുണ്ടോ എന്ന് അന്വേഷിക്കാൻ വരുന്നവരാണ് അവരെല്ലാം ,നാട്ടിൽ നിന്ന് വന്നാലും പോകുമ്പോഴും നമ്മുടെ പെട്ടി പൊളിക്കുമ്പോൾ ചുറ്റും ഒരു പാട് പേർ ഉണ്ടാവും ..അവർക്കായ് പ്രിയപെട്ടവർ വല്ലതും കൊടുത്തു വിട്ടോ എന്നറിയാൻ വേണ്ടി. നല്ല മരം കോച്ചുന്ന തണുപ്പ് അമ്മായി കുളിച്ച് ഡ്രസ്സ് മാറാൻ പറയുന്നുണ്ട്. പക്ഷെ എനിക്ക് ഈ ഡ്രസ്സ് മാറാൻ മടി കാരണം പ്രിയതമന് ഏറ്റവും ഇഷ്ടപെട്ട ചാരനിറത്തിലെ കമ്പ്യൂട്ടർ സിൽക്ക് സാരി സൂറച്ചാന്റെ സഹായത്താൽ ഭംഗിയിൽ ഉടുത്തിട്ടുണ്ട് അതൊന്നു കാണിക്കാതെ എങ്ങിനെയാണ് ,സമീമോളെ കളിപ്പിച്ചും പൂക്കാക്കയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കുറച്ച് സമയം കളഞ്ഞു , വീണ്ടും അമ്മായി മോളെ വാങ്ങി ബാത്ത് റൂം കാട്ടി തന്നു ഫ്രഷ് ആകാൻ പറഞ്ഞു .അതികമാരെയും വെറുപ്പിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് കുളിക്കാൻ കയറി വാതിലടച്ചു ഇളം ചൂടുവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുമ്പോൾ കൂടെ ചൂടുള്ള കണ്ണീരും കഴുകിക്കളഞ്ഞു .അത് സന്തോഷങ്ങൾ കൊണ്ടായിരുന്നോ സങ്കടം കൊണ്ടായിരുന്നോ എന്ന് ഇപ്പഴും അറിയില്ല. അപ്പോഴേക്കും ആരെക്കെയോ വരുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട് .. മെറൂൺ പാവാടയും ബ്ലൗസും ഇട്ടു പുറത്തിറങ്ങി റൂമിലെത്തിയപ്പോൾ ,ഈ തണുത്ത് വിറക്കുന്ന രാവിലും ചുട്ടുപൊള്ളുന്ന നിശ്വാസങ്ങൾ എന്റെ കവിളിൽ പതിഞ്ഞു... എന്റെ ജീവിതം അദ്ദേഹത്തിന്റെ തിരക്കുള്ള ജീവിതത്തിനിടയിലെല്ലാം സ്വന്തനം നൽകിയും കുറുമ്പ് കാട്ടിയും അദ്ദേഹമെന്റെ പൊട്ടത്തരങ്ങൾ എറ്റെടുത്തു കൊണ്ടു മുന്നോട്ടുള്ള യാത്ര തുടർന്നു. തണുത്തു വിറച്ച രാവുകളിൽ രണ്ടുപേരും വിയർപ്പിൽ മുങ്ങിയ ആരാമവല്ലരിയിൽ മൂന്ന് കുസുമങ്ങൾ വിടർന്നു. .. ( യാത്ര തുടരും)